Kerala
കോഴിക്കോട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘം യെമനില്‍ മധ്യസ്ഥശ്രമം തുടരുന്നതിനിടെ കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ച പ്രചാരണങ്ങള്‍ ചര്‍ച്ച സങ്കീര്‍ണമാക്കിയതായി സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
പ്രതിനിധി സംഘം ഇരയുടെ കുടംബങ്ങളുമായി ദമാറില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ചര്‍ച്ച സങ്കീര്‍ണമായ സാഹചര്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇരയുടെ കുടുംബം ഏറ്റവുമധികം ആദരിക്കുന്ന സൂഫി ഗുരുവായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീസിന്റെ ഇടപെടലുകളെ നിഷേധിച്ചുകൊണ്ടും അദ്ദേത്തെ അവഹേളിച്ചുകൊണ്ടും സാമൂഹിക മാധ്യമങ്ങളിലടക്കം വന്ന റിപ്പോര്‍ട്ടുകള്‍ യെമനില്‍ പ്രചരിച്ചതു കാരണം മധ്യസ്ഥ ചര്‍ച്ചകള്‍ക്കു തയാറായ കുടുംബത്തിലെ കാരണവന്മാര്ക്കെതിരേ യുവാക്കള്‍ പ്രതിഷേധിക്കുന്ന അവസ്ഥയുണ്ടായിയെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ന്നുവന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രയാസം നേരിടുകയാണ്. താത്ക്കാലികമായി വധശിക്ഷ മാറ്റിവയ്ക്കുന്ന ഉത്തരവ് മാത്രമേ ഇപ്പോള്‍ ഉണ്ടായിട്ടുള്ളൂ. നിമിഷപ്രിയ മോചിതയാകുന്നതുവരെ എല്ലാവരും സംയമനം പാലിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് പി.എം. ജാബിര്‍, കണ്‍വീനര്‍ ജയന് എടപ്പാള്‍, ജോയിന്റ് കണ്‍വീനര്‍ ആഷിക് മുഹമ്മദ് നാസര്‍ തുടങ്ങിയവര്‍ അറിയിച്ചു.
Kerala
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ക്ക് പുതിയ പ്രതിസന്ധി. നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരനെന്നാണ് റിപ്പോർട്ടുകൾ. ഒരു ഒത്തുതീർപ്പിനുമില്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരൻ പറഞ്ഞതായാണ് വിവരം.
അതേസമയം, വിഷയത്തിൽ തലാലിന്റെ ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. കുടുംബത്തിലെ ചിലർ നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ചർച്ചകൾ വീണ്ടും തുടരുമെന്നാണ് സൂചന. ചർച്ചകൾ ചിലപ്പോൾ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള്‍ അറിയിച്ചു.
ശിക്ഷ നീട്ടിവെച്ചതിനാൽ വീണ്ടും ഇടപെടലിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. പരസ്യപ്രതികരണം ഒഴിവാക്കണമെന്നും യെമനിൽ ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച തന്നെ യെമൻ പ്രസിഡന്റ് വിഷയത്തിൽ ഇടപെട്ടിരുന്നു എന്നും കേന്ദ്രം സൂചന നൽകിയിട്ടുണ്ട്.
ഇതിനിടെ, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യെമനിൽ ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ടെന്നാണ് മധ്യസ്ഥ ശ്രമം നടത്തുന്നവര്‍ അറിയിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വധശിക്ഷ നടപ്പാക്കാൻ ആവശ്യപ്പെട്ടുള്ള പ്രചാരണം. ഇത് പ്രതിസന്ധിയുണ്ടാക്കുന്നതായും മധ്യസ്ഥ സംഘം അറിയിക്കുന്നത്.
നിമിഷ പ്രിയയുടെ കാര്യത്തിൽ തുടർന്നും ഇടപെടൽ നടത്തും എന്ന് കാന്തപുരം വ്യക്തമാക്കിയിട്ടുണ്ട്. തലാലിന്റെ സഹോദരനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ പ്രതീക്ഷയുണ്ടെന്നും ചർച്ച തുടരുകയാണെന്നും കാന്തപുരം വിഭാഗം അറിയിച്ചു.
National
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കേരളം ആഗ്രഹിച്ചതുപോലെ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമൻ അധികാരികൾ മാറ്റിവച്ചു. വധശിക്ഷ ഇന്നു നടപ്പാക്കുന്നതിന് മണിക്കൂറുകൾക്കു മുന്‍പു മാത്രമാണ് 34കാരിയായ നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കൽ നീട്ടിയതായി സ്ഥിരീകരണം ലഭിച്ചതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദോ മെഹ്ദിയുടെ കുടുംബവുമായി ചർച്ച നടത്താനും നിമിഷപ്രിയയ്ക്ക് ഇസ്ലാമിക നിയമപ്രകാരം മാപ്പ് ലഭിക്കാനും ശ്രമം തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കി.
തലാലിന്റെ കുടുംബത്തിന് വൻതുക ദയാധനം (ബ്ലഡ് മണി) നൽകി നിമിഷപ്രിയയെ വധശിക്ഷയിൽനിന്നു രക്ഷപ്പെടുത്താൻ മലയാളികളുടെ നേതൃത്വത്തിൽ ഇന്ത്യക്കാർ നടത്തുന്ന ശ്രമങ്ങൾക്കു കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിന്റെയും പിന്തുണ തുടരും. തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുന്നതിന് ആവശ്യമായ എട്ടര കോടി രൂപ (10 ലക്ഷം ഡോളർ) സ്വരൂപിച്ചതായി സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗണ്‍സിൽ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളും എംപിമാരും ചാണ്ടി ഉമ്മൻ അടക്കമുള്ള എംഎൽഎമാരും ആക്ഷൻ കൗണ്‍സിൽ അംഗങ്ങളും നിമിഷപ്രിയയുടെ മോചനത്തിനായി നടത്തിയ നിരന്തര ശ്രമങ്ങളാണു തത്കാലിക വിജയം നേടിയത്.
വധശിക്ഷ നടപ്പാക്കുന്നതു നീട്ടിയെങ്കിലും ആശങ്ക പൂർണമായി മാറിയിട്ടില്ല. തലാലിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. എങ്കിലും പുതിയ സാഹചര്യത്തിൽ ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്കു മാപ്പ് നൽകാൻ തലാലിന്റെ കുടുംബം തയാറായേക്കുമെന്നാണു പ്രതീക്ഷ. കുടുംബവുമായി മധ്യസ്ഥചർച്ച നടത്താൻ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമർ നടത്തിയ ശ്രമമാണു വധശിക്ഷ മാറ്റാൻ വഴിയായത്.
കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ അഭ്യർഥനയെത്തുടർന്നാണ് ഷെയ്ഖ് ഹബീബ് മധ്യസ്ഥതയ്ക്കു തയാറായത്. കാന്തപുരത്തിന്റെ മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് ഷെയ്ഖ് ഹബീബ് കേരളത്തിലെത്തിയിരുന്നു.
തലാലിന്റെ കുടുംബവുമായി ചർച്ച നടത്താൻ നിയോഗിക്കപ്പെട്ടിരുന്ന യെമൻ ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോം നടത്തിയ ശ്രമങ്ങളും ഫലം കണ്ടു.
ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റീസ്, സർക്കാർ പ്രതിനിധികൾ, തലാലിന്റെ അടുത്ത ബന്ധു എന്നിവരുമായി ഷെയ്ഖ് ഹബീബും സാമുവലും ഇന്നലെ നടത്തിയ ചർച്ച പ്രതീക്ഷാജനകമായിരുന്നു. അറ്റോർണി ജനറലുമായും ഇവർ കൂടിക്കാഴ്ച നടത്തി.
NRI
സന: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന നടപടി നീട്ടിവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമം നടത്തിവന്നിരുന്ന ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്.
യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവൽ ജെറോമും കേന്ദ്രസർക്കാരും വാർത്ത സ്ഥീരികരിച്ചിട്ടുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥർ നിരന്തരം നടത്തിയ നീക്കങ്ങൾക്ക് ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, വധശിക്ഷ നീട്ടിവച്ച നടപടി ആശ്വാസകരമാണെന്ന് നിമിഷപ്രിയയുടെ ഭർത്താവ് ടോമി പറഞ്ഞു. എല്ലാം ഭംഗിയായി നടന്ന് നിമിഷപ്രിയ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
NRI
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന് സ്വീകരിക്കാൻ കഴിയുന്ന നീക്കത്തിന് ഒരു പരിധിയുണ്ട്.ആ ഘട്ടത്തിലെത്തിയെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. ഇന്ത്യയ്ക്കു ചർച്ച ചെയ്യാൻ സാധ്യമായ ഏതൊരു രാജ്യത്തെയുംപോലെയല്ല യെമന്റെ കാര്യം. ഇന്ത്യയ്ക്ക് ഈ രാജ്യത്ത് ഒരു എംബസിയില്ല.
നിമിഷപ്രിയയെ നിലവിൽ പാർപ്പിച്ചിരിക്കുന്ന ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായ്ക്കു പകരം മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമാകുമായിരുന്നുവെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് മുന്‍പാകെ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
നിമിഷപ്രിയയുടെ മോചനത്തിനായി "സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗണ്‍സിൽ’എന്ന സംഘടനയാണു കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്.
ബ്ലഡ് മണി സംബന്ധിച്ച കാര്യം ഇരയുടെ കുടുംബവുമായി സംസാരിക്കുന്നുണ്ടെന്നും അവർ അത് അംഗീകരിച്ചാൽ മോചനം സാധ്യമാകുമെന്നും ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ രഗെന്ത് ബസന്ത് ബെഞ്ചിനെ അറിയിച്ചു.
എന്നാൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സാമ്പത്തികസഹായം ഹർജിക്കാർ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിമിഷപ്രിയയെ രക്ഷിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് പരമാവധി ശ്രമങ്ങൾ നടന്നുവരികയാണെന്ന് ആർ. വെങ്കിട്ടരമണി അറിയിച്ചു.
വധശിക്ഷ താത്കാലികമായി നിർത്തിവയ്ക്കാൻ കഴിയുമോയെന്നു കണ്ടെത്താൻ സർക്കാർ ബന്ധപ്പെട്ട യമൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്തെഴുതിയതായും അദ്ദേഹം ബെഞ്ചിനെ അറിയിച്ചു. നിലവിലെ പരിധിക്കപ്പുറം എന്തെങ്കിലും ചെയ്യാൻ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചു.
സംഭവിക്കുന്നത് വളരെ നിർഭാഗ്യകരമാണെന്നും യുവതിക്കു ജീവൻ നഷ്ടപ്പെട്ടാൽ ദുഃഖകരമാണെന്നും ഹർജി പരിഗണിക്കുന്നതിനിടയിൽ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ വധശിക്ഷ നിർത്തിവയ്ക്കാൻ പറയുന്ന തരത്തിൽ ഒരു ഉത്തരവ് കോടതിക്കു പുറപ്പെടുവിക്കാൻ സാധിക്കില്ല.
അങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചാൽ ആരാണത് അനുസരിക്കുകയെന്നും കോടതി ചോദിച്ചു. വിഷയത്തിൽ കേന്ദ്രത്തിന് ഇടപെടാൻ പരിമിതമായ സാഹചര്യമാണെന്നു ബോധ്യമായ കോടതി പുതിയ സ്ഥിതിഗതികൾ വ്യക്തമാക്കുന്നതിന് കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
NRI
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഭര്‍ത്താവ് ടോമി തോമസ്.
ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കൊപ്പം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് കാര്യങ്ങള്‍ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ നന്നായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ മോചനത്തിനായി 2024 ഏപ്രില്‍ 20ന് യെമനിലേക്കു പോയ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും അവിടെ തുടരുകയാണ്. ഗവര്‍ണറെ കണ്ട സമയത്ത് ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഫോണില്‍നിന്ന് വീഡിയോ കോളില്‍ പ്രേമകുമാരി ഗവര്‍ണറുമായി സംസാരിച്ചു.
ഗവര്‍ണര്‍ക്കു മുന്നില്‍ തന്റെ മകളുടെ ജീവന് രക്ഷിക്കണമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവര്‍ സംസാരിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാരീതിയും ശ്രമിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ അമ്മയോടു പറയുകയുണ്ടായി.
അതേസമയം കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം ബ്ലഡ് മണി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ നല്കാന് തയാറാണെന്നും ടോമി പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ തേടിയുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് കൈമാറിയിട്ടുണ്ട്.
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഹര്‍ജിക്കാര്‍ എജി ഓഫീസില്‍ വിവരങ്ങള്‍ കൈമാറിയത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എജിയുടെ ഓഫീസ് ആരാഞ്ഞുവെന്നാണ് വിവരം. തിങ്കളാഴ്ചയാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്.
നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ തേടി വിദേശകാര്യ മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയത്.
അഭിഭാഷകന് കെ.ആര്. സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് തൊടുപുഴ സ്വദേശിയാണ്. ഇവര്‍ക്ക് ഏഴാം ക്ലാസില്‍ പഠിക്കുന്ന മിഷേല്‍ (ചിന്നു)എന്ന മകളുണ്ട്.
2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു.
യെമന്‍ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു.
ഇവര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും പിന്നീട് നിമിഷ പ്രിയ മാത്രമാണ് യെമനിലേക്ക് പോയത്. തുടര്‍ന്ന് തലാല്‍ അബ്ദുള്‍ മഹ്ദിയില്നിന്നുണ്ടായ മാനസിക ശാരീരിക പീഡനത്തില്‍നിന്ന് രക്ഷപ്പെടാനായി 2017ല്‍ മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്.
മകളുടെ മോചനത്തിനായി നിമിഷപ്രിയയുടെ കുടുംബം മുട്ടാത്ത വാതിലുകളില്ല.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ കേന്ദ്രസർക്കാർ ഇടപെട്ടു തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഈ മാസം 16ന് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന വധശിക്ഷ നയതന്ത്ര ഇടപെടലിലൂടെ കേന്ദ്രം അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സിലാണ് ഹർജി നൽകിയത്. ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
കേന്ദ്രസർക്കാരിന് ഏതെങ്കിലും രീതിയിലുള്ള നയതന്ത്ര ഇടപെടൽ സാധ്യമാക്കുന്നതിന് സഹായകമാക്കാൻ ഹർജിയുടെ ഒരു പകർപ്പ് അറ്റോർണി ജനറലിനു നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിമിഷപ്രിയയെ 16ന് വധശിക്ഷയ്ക്കു വിധേയയാക്കാനിരിക്കുകയാണെന്നും ഇന്നു ഹർജി പരിഗണിച്ചാൽ ശനി, ഞായർ ദിവസങ്ങൾകൂടി നയതന്ത്ര നീക്കങ്ങൾ നടത്താനുള്ള വിലപ്പെട്ട സമയം ലഭിക്കുമെന്നും ഹർജിക്കാർ വാദിച്ചെങ്കിലും നിമിഷപ്രിയയെ സഹായിക്കാൻ എന്തെല്ലാം നടപടികളെടുക്കാൻ കഴിയുമെന്നു വ്യക്തമാക്കി കേന്ദ്രത്തിനു മറുപടി നൽകാനുള്ള സമയം സുപ്രീംകോടതി അനുവദിക്കുകയായിരുന്നു.
NRI
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ.
വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് നൽകിയതിനു പിന്നാലെയുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും യെമൻ അധികാരികളുമായി തുടർച്ചയായി ബന്ധപ്പെട്ടുവരികയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
വധശിക്ഷ ഒഴിവാക്കാനായി വരുംദിവസങ്ങളിൽ ശ്രമിക്കുമെന്ന് നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സിൽ വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനു ദയാധനം നൽകി (ബ്ലഡ് മണി) നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ ഊന്നൽ നൽകുന്നത്.
വിഷയത്തിൽ കേന്ദ്രസർക്കാരിന് നേരിട്ട് ഇടപെടുന്നതിൽ നയതന്ത്ര പരിമിതികളുണ്ട്. കുറ്റകൃത്യം നടന്നതും നിമിഷ ഇപ്പോൾ കഴിയുന്ന ജയിൽ സ്ഥിതി ചെയ്യുന്നതും ഹൂതി നിയന്ത്രണമുള്ള യെമനിലാണ്.
ഹൂതികളുടെ പ്രവിശ്യയിൽ നടന്ന കുറ്റകൃത്യമായതിനാൽ ഹൂതികളുടെ ഭരണകൂടമായ സുപ്രീം പൊളിറ്റിക്കൽ കൗണ്‍സിലാണ് വധശിക്ഷയിൽ ഇളവ് തീരുമാനിക്കേണ്ടതെന്ന് യെമൻ എംബസി മുന്‍പ് വ്യക്തമാക്കിയിരുന്നു.
എന്നാൽ യെമനിൽ അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച ഭരണകൂടമായ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗണ്‍സിലുമായാണ് ഇന്ത്യക്ക് നയതന്ത്ര ബന്ധമുള്ളത്. എന്നിരുന്നാലും ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാൻ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ചർച്ചകൾ നടത്താനുള്ള വാതിലുണ്ട്.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാരായ ജോൺ ബ്രിട്ടാസും കെ. രാധാകൃഷ്ണനും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി.
നിമിഷപ്രിയ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും വധശിക്ഷ ഒഴിവാക്കാനുള്ള നടപടികളെടുക്കണമെന്നും കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
NRI
ന്യൂഡല്‍ഹി: യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ ഇടപെടല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഉന്നതതല ഇടപെടലിലൂടെ പാലക്കാട് സ്വദേശിനിയുടെ ശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
ദയാധനം കൈമാറുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സങ്കീര്‍ണമാണെന്നതാണ് രക്ഷാദൗത്യത്തിന് പ്രതിസന്ധിയാകുന്നത്. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രാദേശിക അധികാരികളുമായും യെമന്‍ പൗരന്റെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പ്രതികരിച്ചു.
എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് കുടുംബത്തിനും ഇന്ത്യന്‍ അധികൃതര്‍ക്കും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വധശിക്ഷ സംബന്ധിച്ച് ഇതുവരെ ഞങ്ങള്‍ക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.
ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് മുന്നിലുള്ളതെന്ന് നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് അറിയിച്ചു. യമന്‍ പൗരന്റെ കുടുംബം ദയാധനം സ്വീകരിക്കും എന്നാണ് ഇപ്പോഴും കരുതുന്നത്, ഉന്നത ഇടപെടലുകളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനാണ് ഉത്തരവെന്നാണ് റിപ്പോര്‍ട്ട്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയതായും യെമനിലെ മനുഷ്യാവകാശ പ്രവര്ത്തകന് സാമുവല്‍ ജെറോം പറഞ്ഞു.
ഉത്തരവ് നടപ്പാക്കുന്നത് തടയാന്‍ തലാലിന്റെ കുടുംബത്തെ വ്യാഴാഴ്ച കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും സാമുവല്‍ ജെറോം പറഞ്ഞു.